Thursday 2 March 2017

ലോകം കീഴടക്കിയ 007



ചില കഥാപാത്രങ്ങൾ അവയുടെ സ്രഷ്ടാക്കളായ എഴുത്തുകാരേക്കാൾ പ്രശസ്തി നേടാറുണ്ട്. ഷെർലക് ഹോംസ്, ടാർസൺ, സൂപ്പർ മാൻ,... ലോകം കീഴടക്കിയ ആ വീരന്മാരുടെ നിരയിലാണ് ഇയാൻ ഫ്ലെമിംഗ് സൃഷ്ടിച്ച ജെയിംസ്‌ ബോണ്ടിന്റേയും സ്ഥാനം. എന്നാൽ ബോണ്ടിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, പേരിനേക്കാൾ പ്രസിദ്ധമാണ് ആ ബ്രിട്ടീഷ്‌ ചാരന്റെ കോഡ് നമ്പർ. 

007 മൂന്നേ മൂന്നു അക്കങ്ങൾ അതു മതി, കഥാപാത്രം ആരെന്നറിയാൻ. എഴുത്തുകാരനെക്കാൾ പ്രസിദ്ധമായ കഥാപാത്രം . കഥാപാത്രത്തേക്കാൾ പ്രസിദ്ധമായ കോഡ്. ഇത് ബോണ്ടിന് മാത്രമേ അവകാശപ്പെടാനാകൂ. 

അക്ഷരങ്ങളെ കടത്തിവെട്ടി അക്കങ്ങൾ മനുഷ്യമനസ് കീഴടക്കിയ അപൂർവ സംഭവം.
പൂജ്യത്തിൽ തുടങ്ങുന്ന ടെലിഫോൺ എസ് ടി ഡി കോഡുകളുടെ വരവിനു എത്രയോ മുൻപാണ്‌ ബോണ്ട്‌ പൂജ്യത്തിൽ തുടങ്ങിയ സംഖ്യയിലൂടെ  ലോകം കീഴടക്കിയത്.

'കാസിനോ റോയലെ 'എന്ന നോവലിൽ തുടങ്ങിയ ബോണ്ടിന്റെ ജയ്ത്രയാത്ര വെള്ളിത്തിരയും കീഴടക്കി.ജെയിംസ്‌ ബോണ്ട്‌ നോവലുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞപ്പോൾ ജെയിംസ്‌ ബോണ്ട്‌  സിനിമകൾ ബോക്സോഫീസ് റെക്കോർഡുകൾ തിരുത്തി.

"My name is bond...James Bond " എന്ന അടയാള വാക്യം തിയേറ്ററുകളെ ആവേശത്തിന്റെ അലകടലാക്കി. ചീറിപായുന്ന വെടിയുണ്ടകൾ, കാറുകൾ, ചരന്മാരും ചൂതാട്ടക്കാരും കണ്ണികളായ അധോലോകം. ഭീകരന്മാരോട് നേരിട്ട് ഏറ്റുമുട്ടി അവരെ തറ പറ്റിക്കുന്ന അതിമാനുഷനാണ് അയാൾ. ചടുലത, നാടകീയത സാഹസികത, കാറോട്ടങ്ങൾ, തോക്കുകൊണ്ട് തീക്കളികൾ ഇതെല്ലാം ബോണ്ടിനെ പ്രിയങ്കരനാക്കി, അക്ഷരാർത്ഥത്തിൽ ആക്ഷൻ ഹീറോ.
ലോകം ഇന്നോളം കണ്ടിട്ടുള്ള ഡിറ്റക്റ്റീവ് കഥാപാത്രങ്ങളിൽ ജെയിംസ്‌ ബോണ്ടിനൊപ്പം ഒരാളേയുള്ളു ഷെർലക് ഹോംസ്. 

സൂക്ഷ്മമായ നിരീക്ഷണവും യുക്തിയുക്തമായ വിസകലനവുമാണ് ഹോംസിന്റെ രീതി. ഫോറൻസിക് ശാസ്ത്രത്തിനു വഴി തെളിക്കാൻ പോലും ഹോംസിന്റെ പരീക്ഷണങ്ങള്ക്കു കഴിഞ്ഞു.

"ഇന്നലെ രാത്രിയിൽ നിങ്ങൾ നായയെ ശ്രദ്ധിച്ചോ ഇൻസ്പെക്ടർ ? "

"അതിനു നായ ഒന്നും ചെയ്തില്ലല്ലോ ?"

"ഒന്നും ചെയ്തില്ല, അതു തന്നെയാണു ഏറ്റവും വിചിത്രം. "

ഈ സൂക്ഷ്മ നിരീക്ഷണവും ബുദ്ധിവൈഭവവുമാണ് ഹോംസിന്റെ പ്രത്യേകത.

വായനക്കാരനെ ഹോംസ് അത്ഭുതപ്പെടുത്തുമ്പോൾ ബോണ്ട്‌ ആവേശം കൊള്ളിച്ചു. ലോകത്തെങ്ങുമുള്ള ചെറുപ്പക്കാരുടെ എക്കാലത്തെയും ഹരമാണ് ബോണ്ട്‌.

1952 ഫെബ്രുവരി 17,പ്രഭാതം, ജമൈക്കയിലെ വസതിയിൽ ഇരിക്കുകയാണ് ഇയാൻ ഫ്ലെമിങ്. മുറ്റത്തിനപ്പുറം ശാന്തഗംഭീരമായ കരീബിയൻ കടൽ. മുറിയിൽ പറന്നു കയറിയ കിളികളുടെ സംഗീതം.

മുന്പിലിരുന്ന ടൈപ്പ് റൈറ്ററിൽ ഫ്ലെമിങ് അടിച്ചു. 'Cent and smoke and sweat hit the taste buds...' 
എന്തോ തൃപ്തിക്കുറവ്, തിരുത്തി, വീണ്ടും തിരുത്തി. ഒടുവിൽ ഫ്ലെമിങ്ങിനു തോന്നിയ വാക്യത്തിന്റെ ആശയം ഇപ്രകാരം ആയിരുന്നു. 
'പുലർച്ചെ മൂന്നു മണിക്ക് കാസിനോയിലെ ഗന്ധവും പുകയും വിയർപ്പും മനംപുരട്ടലുണ്ടാക്കും. '

പിന്നെ ഒരു കുതിപ്പായിരുന്നു. ഒന്നിനു പിറകെ ഒന്നായി വാക്യങ്ങൾ മുറിയാതെ കടന്നു വന്നു  ഒറ്റ ഇരുപ്പിൽ രണ്ടായിരം വാക്കുകൾ ടൈപ്പ് ചെയ്തു. സാഹിത്യരചനയിൽ പരിചയമോ പരിശീലനമോ ഇല്ലാതിരുന്നിട്ടും അതു സംഭവിച്ചു. കാരണം മനസ്സിൽ തിങ്ങിക്കിടന്ന സംഭവങ്ങൾക്ക് ഭാഷ നൽകേണ്ട ജോലി മാത്രമേ ഫ്ലെമിഗിനുണ്ടായിരുന്നുള്ളു. 

പിന്നീട് ദിവസവും എഴുതാൻ തുടങ്ങി. പിറ്റേ മാസം 18 ന് അദ്ദേഹം മനസിലെ കഥയുടെ അവസാന വാക്യവും ടൈപ്പ് ചെയ്തു ;'ആ നശിച്ചവൻ ഇപ്പോൾ ചത്തു '
ഒരു ത്രില്ലെർ പിറക്കുകയായിരുന്നു. കാസിനോ റോയലെ. അതിലെ നായകനാണ് ജെയിംസ്‌ ബോണ്ട്‌.20 ആം
നൂറ്റാണ്ടിൽ നോവലിലും സിനിമയിലും ആസ്വാദകരെ ത്രസിപ്പിച്ച കിടിലൻ സീക്രെട് ഏജന്റ്. അതോടെ ഇയാൻ ഫ്ലെമിങ് എന്ന എഴുത്തുകാരനും പിറന്നു.

ജെയിംസ്‌ ബോണ്ടിന്റെ സാഹസികത ആദ്യം ബ്രിട്ടീഷുകാരുടെ ഭാവനയിൽ ഇടം നേടി. പിന്നീടു ലോകം മുഴുവനും അതേറ്റുവാങ്ങി. 1964 -ൽ ഫ്ലെമിങ്ങ് മരണമടയുമ്പോൾ അദ്ധേഹത്തിന്റെ നാലുകോടി പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ടിരുന്നു.

2 comments: