Saturday 4 February 2017

നിശാഗന്ധി പൂത്ത രാത്രി

നിശാഗന്ധി പൂത്ത രാത്രി

ചില്ലു വാതിൽ  തുറന്നെത്തും പ്രകാശമന്നാ 
സൂര്യ ബിംബ ത്തെ ഓർത്തിരുന്നു 
കാലങ്ങളേറുമ്പോൾ ആഴിതൻ അന്തിയിൽ 
അണയാതെ എന്നും കാത്തിരുന്നു

രാവിതിൽ തെളിയുന്ന നെയ്യ് വിളക്കിൻ പ്രഭ 
നീ തേടുമാ കിരണമായിരുന്നു ഇടനാഴിയോരമന്നുലയാതെ ശാന്തമായ് 
മിന്നുന്നതെൻ മൗനമായിരുന്നു

പരിഭവം പറയാതെ സുഖമുള്ള മാത്രകൾ 
മെല്ലെയാ കാറ്റിൽ ഒഴിഞ്ഞു  പോകെ 
ഓർമ്മകൾ  മോഹമായ് ചാലിച്ച                 സ്വപ്നത്തിൽ  
നിശാ ഗന്ധികൾ പൂത്തിരുന്നു 
ഓർമ്മക്കുറിപ്പുകൾ ഉണരുന്ന രാത്രിയിൽ 
വീണ്ടും നിശാ ഗന്ധി പൂത്തിരുന്നു

വർണങ്ങളെല്ലാം മടങ്ങുവാൻ ഒരുങ്ങവെ 
മെല്ലെ ഉണർന്നീടുവാൻ കൊതിച്ചു 
അഴിയിലൂടകലങ്ങൾ തേടുന്ന കണ്ണിലൂടെ 
അന്നാ നിലാവും കടന്നുപോയി

പകലൊളി ഇല്ലാത്ത യാമങ്ങൾ നീങ്ങവേ 
ഇരുളിലീ താരകം തനിയെ നിൽക്കെ  
ഇടറുമാ നിശ്വാസമെന്നും അറിയാതെ 
ചേർത്തതാ കൈവിരലായിരുന്നു

ഉമ്മറത്തന്നു ഞാൻ തെളിയിച്ച സന്ധ്യാ 
വിളക്കിന്റെ രണ്ടു കരങ്ങളിലായ് 
എണ്ണ വറ്റി കനലുണങ്ങിത്തുടങ്ങുമാ 
തിരികൾ പറഞ്ഞിത്തെന്നെ നോക്കി

ഓർമ്മപ്പെടുത്തുന്നു തെളിയുന്നു ഞങ്ങളീ 
കണ്മഷിയൂറുന്ന നിൻ കൺകളിൽ 
അണയാൻ വിടാതെ ഞൻ ചേർത്തൊരാ വെട്ടത്തിൽ 
വീണ്ടും നിശാഗന്ധി പുഞ്ചിരിച്ചു

ഇനിയുമെന്നിൽ പെയ്തൊഴിഞ്ഞിടാ മഴ പോലെ 
ഒരു വസന്തകാലം ഇതൾ പൊഴിക്കെ 
പറയാതെ പോയൊരാ നിമിഷങ്ങളത്രയും 
നഷ്ട സ്വപ്നങ്ങളായ് മാറിടുന്നു

ഋതു ഭേദങ്ങളാം കൈവഴികളിലൂടെ 
നിറവസന്തം മനസ്സിലൊളിപ്പിച്ചു ഞാൻ
പെയ്തുതോർന്ന മഴക്കാലത്തിൻ                 ആത്മാവിൻ 
ചില്ലയിലാ പൂവു നിദ്ര കൊണ്ടു.



Written by my friend Anjali P

1 comment: